കൂത്തുപറമ്പ്: മമ്പറം പഴയ പാലത്തിൽനിന്നു പുഴയിലേക്ക് ചാടി ഇലക്ട്രിസിറ്റി ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. കെഎസ്ഇബി കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ടയിലെ കെ.എം. ഹരീന്ദ്രൻ (55) ആണ് മരിച്ചത്.
ഹരീന്ദ്രനെ ഇന്നലെ പുലർച്ചെ മുതൽ വീട്ടിൽനിന്നും കാണാതായിരുന്നു. ബന്ധുക്കളും സഹപ്രവർത്തകരും തെരച്ചിൽ നടത്തുന്നതിനിടെയാണ് രാവിലെ ഏഴോടെ ഒരാൾ മന്പറം പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയിട്ടുണ്ടെന്ന വിവരം പിണറായി പോലീസിന് ലഭിച്ചത്.
എസ്ഐ ബാവിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു. കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ പി. ഷനിത്ത്, പേരാവൂർ ഫയർ സ്റ്റേഷൻ ഓഫീസർ കെ.എ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ കൂത്തുപറമ്പ്, പേരാവൂർ ,തലശേരി, മട്ടന്നൂർ, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് റബ്ബർ ഡിങ്കി ഉൾപ്പെടെ ഉപയോഗിച്ച് സ്കൂബ ടീമിന്റെയും കണ്ണൂരിൽ നിന്നെത്തിച്ച റിമോർട്ട് ഓപ്പറേറ്റിംഗ് വെഹിക്കിളിന്റേയും സഹായത്തോടെ നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് മരിച്ചത് ഹരീന്ദ്രനാണെന്ന് തിരിച്ചറിയുന്നത്.
പരേതരായ കോരൻ- ജാനു ദന്പതികളുടെ മകനാണ്. ഭാര്യ: അഞ്ജലി ( സീനിയർ ഓഡിറ്റർ,സഹകരണ വകുപ്പ്). മകൻ: ഹർഷ് ഹരി ( വിദ്യാർഥി). സഹോദരങ്ങൾ: രമാവതി, ഉഷ, ജയേന്ദ്രൻ, രാമകൃഷ്ണൻ.